Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രണ്ട് ജീപ്പ് പോലീസ് വാഹന അകമ്പടിയോടെയാണ് അദ്ദേഹം സര്‍വകലാശാലയില്‍ എത്തിയത്.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധം കാരണം കഴിഞ്ഞ 20 ദിവസമായി അദ്ദേഹം സര്‍വകലാശാലയില്‍ എത്തിയിരുന്നില്ല. സര്‍വകലാശാലയ്ക്ക് അകത്തും പുറത്തുമായി സുരക്ഷയ്ക്കായി 200 ല്‍പരം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ റജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തതോടെയാണ് അദ്ദേഹത്തിനെതിരെ ഇടത് സിന്‍ഡിക്കേറ്റും എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ ഇടത് സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു. എന്നാല്‍ ഇതിന് നിയമസാധുതയില്ലെന്ന് പറഞ്ഞ് പുതിയ രജിസ്ട്രാറെ വിസി നിയമിച്ചിരുന്നു. മിനാ കാപ്പനെയാണ് രജിസ്ട്രാറുടെ ചുമതല നല്കി വിസി നിയമിച്ചത്. നിരവധി ഫയലുകളില്‍ തീര്‍പ്പ് കല്പ്പിക്കാത്തത് വിദ്യാര്‍ഥികളുടെ ഭാവി കാര്യങ്ങളെ ബാധിച്ചിരുന്നു. പല ഫയലുകളിലും ഒപ്പിടാനുള്ള കാരണത്താലാണ് അദ്ദേഹം ഇന്ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയത്.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേലിന്റെ ഉത്തരവ് തള്ളി വീണ്ടും രജിസ്ട്രാര്‍. ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നാണു വിസി ഡോ. മോഹനന് കുന്നുമ്മേല്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഔദ്യോഗിക വാഹനത്തിലാണ് ഇന്നും രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയത്.
സസ്പെന്‍ഷനിലുള്ള വ്യക്തിയാണ് അനില്കുമാറെന്നാണു വിസി വ്യക്തമാക്കുന്നത്. എന്നാല്‍ തന്റെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് പിന്‍വലിച്ചുവെന്നും തനിക്ക് ചുമതലകള്‍ വഹിക്കാന്‍ അവകാശമുണ്ടെന്നുമാണ് അനില്‍കുമാറിന്റെ നിലപാട്.
വിസിയുടെ പല നിര്‍ദേശങ്ങളും ഉത്തരവുകളും സര്‍വകലാശാല ഉദ്യോഗസ്ഥരും പാലിക്കുന്നില്ല. റജിസ്ട്രാറുടെ വാഹനത്തിന്റെ താക്കോല്‍ നിലവിലെ റജിസ്ട്രാറായ മിനി കാപ്പന് കൈമാറണമെന്നാണ് വിസി സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ ഉത്തരവും നടപ്പായില്ല.
Kerala
തിരുവനന്തപുരം: വൈസ് ചാൻസലറും രജിസ്ട്രാറും രണ്ടു ചേരിയിലായി ദിവസങ്ങളായി നിലയുറപ്പിച്ചതോടെ കേരള സർവകലാശാലയിലെ ഫയൽ നീക്കങ്ങൾ ഉൾപ്പെടെ പൂർണമായും നിലച്ചു. വൈസ് ചാൻസലർ ഒപ്പുവച്ചു നല്‍കേണ്ട സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ലഭിക്കാതായതോടെ വിദ്യാർഥികളും പ്രതിസന്ധിയിലായി. 2000 ത്തോളം ഫയലുകൾ ആണ് വൈസ്ചാൻസലറുടെ ഒപ്പിനായി കെട്ടിക്കിടക്കുന്നത്.
സർവകലാശാലയിൽ പ്രതിസന്ധി അതി രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെ കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മേൽ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി തൃശൂരിൽ കൂടിക്കാഴ്ച്ച നടത്തി. തുടർന്നു മാധ്യമങ്ങളോട് പ്രതികരിച്ച വൈസ് ചാൻസലർ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് ഉൾപ്പെടെ താൻ എടുത്ത നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നു വ്യക്തമാക്കി. ഇതോടെ നിലവിലെ പ്രതിസന്ധിക്ക് ഒട്ടും കുറവ് ഉണ്ടാവില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. കാലു വെട്ടുമെന്നു പറഞ്ഞാൽ പിന്നെ എങ്ങനെയാണ് താൻ കാന്പസിലേക്ക് പോകുകയെന്നാണ് വിസി പ്രതികരിച്ചത്.
ഫയലുകൾ ഓണ്‍ലൈനായി പോലും നോക്കാൻ സാധിക്കാത്ത രീതിയിൽ തടഞ്ഞുവച്ചിരിക്കുകയാണ്. സർവകലാശാലയിൽ സമരക്കാർക്ക് പോലീസ് സംരക്ഷണം കൊടുക്കുന്നുവെന്ന ഗുരുതര ആരോപണവും വിസി ഉന്നയിച്ചു.
അക്കാഡമിക് കോഴ്സുകളുടെ അംഗീകാരത്തിനുള്ള ഫയലുകൾ, അധ്യാപകരുടെ പ്രമോഷൻ ഫയലുകൾ തുടങ്ങിയവയും തീരുമാനമാകാതെ കിടക്കുന്നു.
ഫയൽ നീക്കം വൈകുന്നത് രജിസ്ട്രാറുടെ നിഷേധാത്മക നിലപാടാണെന്നു വരുത്തിത്തീർക്കാനുള്ള നീക്കമാണ് വിസിയുടെ പ്രതികരണത്തിലൂടെ വ്യക്കമാകുന്നത്.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കം മൂര്‍ഛിക്കുന്നു. വിസി സസ്പെൻഡ് ചെയ്യുകയും ഇടതുസിന്‍ഡിക്കേറ്റ് സസ്പെന്ഷന് പിന്‍വലിക്കുകയും ചെയ്ത റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ വിസിക്ക് അയച്ച ഡിജിറ്റല്‍ ഫയലുകളില്‍ വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ ഒപ്പിട്ടില്ല.
അനില്‍കുമാറിന്റെ ഫയലുകള്‍ തനിക്ക് അയക്കേണ്ടതില്ലെന്ന് വി. സി. സര്‍വകലാശാല ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. സസ്പെന്‍ഷനിലുള്ള ആളിനു ഫയലുകളില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നാണ് അനില്‍കുമാര്‍ അയച്ച മൂന്ന് ഫയലുകളിലും വിസിയുടെ നിലപാട്. വിസി നിയമിച്ച രജിസ്ട്രാര്‍ യൂണിവേഴ്സിറ്റി പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി കാപ്പന് അയച്ച 25 ഫയലുകളില്‍ വിസി ഒപ്പുവയ്ക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം വിസിക്ക് അല്ലെന്നും സിന്‍ഡിക്കേറ്റിനാണെന്നുമാണ് അനില്‍കുമാറിന്റെ നിലപാട്. സിന്‍ഡിക്കേറ്റാണ് തന്റെ സസ്പെന്ഷന് പിന്‍വലിച്ചതെന്നും നിയമപ്രകാരം താനാണു രജിസ്ട്രാറെന്നുമാണ് അനില്‍കുമാറിന്റെ അവകാശ വാദം.
അതേസമയം അനില്‍കുമാര്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ സസ്പെന്ഷന് നല്കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അതിനുള്ള അധികാരം തനിക്കുണ്ടെന്നാണ് വിസിയുടെ അവകാശവാദം.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പിന്‍വലിച്ചു. തന്നെ സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തെന്നും ഹര്‍ജി പിന്‍വലിക്കുകയാണെന്നും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
താന്‍ ചുമതല തിരികെ ഏറ്റെടുത്തതായും അനില്‍കുമാര്‍ കോടതിയിൽ പറഞ്ഞു. ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ ഹര്ജിക്കാരന് കോടതി അനുമതി നല്കി.
വൈസ് ചാന്‍സലറുടെ താത്കാലിക ചുമതലയുള്ള സിസാ തോമസിനുവേണ്ടി ഹാജരായ സ്വകാര്യ അഭിഭാഷകന് ഹർജിക്കാരന്റെ നീക്കത്തെ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പിന്നീട് മറ്റൊരു ഹര്‍ജി നല്‍കാമെന്ന് കോടതി പറഞ്ഞു
അനില്‍കുമാറിനെ രജിസ്ട്രാറായി തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് നടപടിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഫോറത്തിനോ അഥോറിറ്റിക്കോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
രജിസ്ട്രാര്‍ പദവിയില്‍ നിന്ന് തന്നെ വിസി സസ്പെന്‍ഡ് ചെയ്തതിനെതിരെയാണ് കെ.എസ്. അനില്‍കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാൽ ഇതിന് പിന്നാലെ ഞായറാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കിയിരുന്നു. ഇതോടെയാണ് ഹർജി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പോര് കനക്കുന്നു. വൈസ് ചാന്‍സിലര്‍ പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തതിന് ജോയിന്റ് രജിസ്ട്രാർ സി. ഹരികുമാറിനെ ചുമതലയിൽനിന്നു നീക്കി.
നേരത്തേ രജിസ്ട്രാറുടെ ചുമതല ഹരികുമാറിനായിരുന്നു. നിലവിൽ മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി. മറ്റൊരു ജോയിന്റ് രജിസ്ട്രാറായ ഹേമ ആനന്ദിനാണ് ഭരണ വിഭാഗം ചുമതല നല്‍കിയിരിക്കുന്നത്.
വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ജോയിന്റ് രജിസ്ട്രാര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് ഇന്ന് രാവിലെ വിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാർ അവധിയില്‍ പ്രവേശിച്ചിരുന്നു. മറുപടി നൽകാത്തതിനെത്തുടർന്നാണ് താത്കാലിക വിസി സിസ തോമസ് നടപടിയെടുത്തത്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാര്‍ അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ ഇടത് സിന്‍ഡിക്കേറ്റ് ഞായറാഴ്ച തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ വിഷയം അജണ്ടയില്‍ വരുന്നതിന് മുന്‍പേ തന്നെ വിസി യോഗം പിരിച്ചു വിട്ടിരുന്നു. വിസി പിരിച്ചു വിട്ട യോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാര്‍ പങ്കെടുക്കുകയും രജിസ്ട്രാറുടെ സസ്പെന്ഷന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതു സര്‍വകലാശാലയുടെ ചട്ടങ്ങളുടെ ലംഘനമാണെന്ന് വിസി സിസ തോമസ് ജോയിന്റ് രജിസ്ട്രാറോട് വ്യക്തമാക്കിയിരുന്നു.
താന്‍ പിരിച്ച് വിട്ട യോഗത്തില്‍ നിയമപരമായി രജിസ്ട്രാര്‍ക്ക് പങ്കെടുക്കാന്‍ വ്യവസ്ഥയില്ലാതിരിക്കെ പങ്കെടുക്കുകയും സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥനെ സര്‍വകലാശാലയില്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സിന്ഡിക്കേറ്റിനൊടൊപ്പം ചേര്‍ന്ന് ചട്ടവിരുദ്ധമായി ജോയിന്റ് രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചുവെന്നാണ് വിസിയുടെ കണ്ടെത്തല്‍. ഇതെല്ലാം കാട്ടി വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാർ അവധിയിൽ പ്രവേശിച്ചു. ഞായറാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിനിടെ വിസി സിസ തോമസ് ഇറങ്ങിപ്പോയിട്ടും ഹരികുമാർ യോഗത്തിൽ തുടർന്നിരുന്നു.
ഇതിന് സിസ തോമസ് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഹരികുമാർ നൽകിയിരുന്നില്ല. ഇന്ന് രാവിലെ ഒന്‍പതിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇതോടെ അച്ചടക്ക നടപടി നീക്കങ്ങൾക്കിടെയാണ് ഹരികുമാർ അവധിയിൽ പ്രവശിച്ചത്.
കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷനിൽ വിസിയും സിൻഡിക്കേറ്റും രണ്ടുതട്ടിലാണ്. ഞായറാഴ്ച സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ് അറിയിച്ചെങ്കിലും സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാൻസലറുടെ ചുമതലയിലുള്ള സിസാ തോമസ് രംഗത്തെത്തിയിരുന്നു.
രജിസ്ട്രാറുടെ സസ്പെന്ഷന് ഞായറാഴ്ച വിസിയുടെ അനുമതിയില്ലാതെയാണ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയത്. വിസിയുടെ വിയോജിപ്പ് സിൻഡിക്കേറ്റ് തള്ളുകയും ചെയ്തിരുന്നു. എന്നാൽ രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നുമായിരുന്നു സിസ തോമസിന്റെ വാദം.
സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട ശേഷമാണ് സസ്പെന്ഷന് റദ്ദാക്കുന്നതില്‍ തീരുമാനമെടുത്തത്. റജിസ്ട്രാറുടെ സസ്പെന്ഷന് വിഷയം പ്രമേയമായി അവതരിപ്പിച്ചപ്പോഴെ യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങിപ്പോയതാണ് അതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്ഷന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി താത്ക്കാലിക വിസി ഡോ. സിസ തോമസ്. റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നും സിസ തോമസ് പ്രതികരിച്ചു.
സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട ശേഷമാണ് സസ്പെന്ഷന് റദ്ദാക്കുന്നതില്‍ തീരുമാനമെടുത്തത്. റജിസ്ട്രാറുടെ സസ്പെന്ഷന് വിഷയം പ്രമേയമായി അവതരിപ്പിച്ചപ്പോഴെ താന്‍ യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങിപ്പോയതാണ് അതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമസാധുതയില്ലെന്നും അവർ പറഞ്ഞു.
രജിസ്ട്രാറുടെ സസ്പെൻഷൻ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യാനാകില്ല. സസ്പെൻഷൻ തുടരും.
വിസിയുടെ അസാന്നിധ്യത്തിൽ എടുക്കുന്ന സിൻഡിക്കേറ്റ് യോഗത്തിന് നിയമസാധുതയില്ല. തന്റെ
അസാന്നിധ്യത്തിൽ നടക്കുന്നത് സിൻഡിക്കേറ്റ് യോഗമല്ല കുശലസംഭാഷണങ്ങൾ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി സര്‍വകലാശാല സിന്‍ഡിക്കേറ്റ്. താത്ക്കാലിക വിസി ഡോ.സിസ തോമസിന്റെ വിയോജനക്കുറിപ്പോടെയാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം.
യോഗത്തില്‍ ഇടത് അംഗങ്ങളാണ് റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കാന്‍ പ്രമേയം അവതരിപ്പിച്ചത്. 24 അംഗങ്ങളുള്ള സിന്‍ഡിക്കേറ്റില്‍ 16 പേർ പിന്തുണച്ചതോടെ പ്രമേയം പാസായി.
വിസിയുടെ വിയോജിപ്പ് സിൻഡിക്കേറ്റ് തള്ളുകയും ചെയ്തു. സസ്പെന്ഷന് നടപടി അന്വേഷിക്കാൻ ഡോ. ഷിജുഖാൻ, അഡ്വ.ജി.മുരളീധരൻ, ഡോ.നസീബ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.സെനറ്റ് ഹാളിൽ നടന്ന പരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി അന്വേഷിക്കും.
സിൻഡിക്കേറ്റ് തീരുമാനം കോടതിയെ അറിയിക്കാൻ സ്റ്റാൻഡിംഗ് കൗൺസിലിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.
ഭാരതാംബ ചിത്രവിവാദത്തെ തുടര്‍ന്ന് ജൂണ്‍ 25നാണ് റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിനെ വിസി മോഹന്‍ കുന്നുമ്മൽ സസ്പെന്‍ഡ് ചെയ്തത്.